11:29am 12 September 2026
NEWS
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലൈം​ഗിക അടിമകളാക്കിയ യുവതികളുടെ മോചനത്തിനായി പൊരുതിയ യാനാർ മുഹമ്മദിനെ കൊലപ്പെടുത്തി
14/03/2026  08:18 AM IST
nila
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലൈം​ഗിക അടിമകളാക്കിയ യുവതികളുടെ മോചനത്തിനായി പൊരുതിയ യാനാർ മുഹമ്മദിനെ കൊലപ്പെടുത്തി

ഇറാഖിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ദീർഘകാലമായി പോരാടിയ ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ യാനാർ മുഹമ്മദ് (65) വെടിയേറ്റ് മരിച്ചു. ബാ​ഗ്ദാദ് നഗരത്തിലെ വീട്ടിന് മുന്നിൽ മോട്ടോർസൈക്കിളിൽ എത്തിയ അജ്ഞാതർ നടത്തിയ വെടിവെപ്പിലാണ് അവർക്ക് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ യാനാർ മരണപ്പെട്ടതായി അവർ സഹസ്ഥാപകയായ ഓർ​ഗനൈസേഷൻ ഓഫ് വിമൻസ് ഫ്രീഡം ഇൻ ഇറാഖ് എന്ന സംഘടന അറിയിച്ചു. 

സ്ത്രീകളുടെ അവകാശങ്ങൾക്കായി ശക്തമായി ശബ്ദമുയർത്തിയിരുന്ന യാനാറിനെതിരെ മുമ്പും പലതവണ വധഭീഷണികൾ ഉയർന്നിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുൾ അമീർ അൽ ഷമ്മരി അറിയിച്ചു.

പീഡനത്തിനിരയായ സ്ത്രീകൾക്കും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലൈംഗിക അടിമകളാക്കപ്പെട്ടവർക്കും അഭയം ഒരുക്കിയ പ്രവർത്തകയായിരുന്നു യാനാർ മുഹമ്മദ്. ഇസ്ലാമിക് സ്റ്റേറ്റ് അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട യസീദി സ്ത്രീകൾക്കായി നിരവധി സുരക്ഷിത കേന്ദ്രങ്ങൾ സ്ഥാപിച്ചതിലൂടെ അവർ അന്താരാഷ്ട്ര ശ്രദ്ധ നേടി. ഇറാഖിലെ വിവിധ ഭാഗങ്ങളിലായി അവരുടെ സംഘടന പത്ത് അഭയകേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു. തുടർച്ചയായ ഭീഷണികളും ആക്രമണ സാധ്യതകളും കാരണം ഇപ്പോൾ ആറ് കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ കേന്ദ്രങ്ങളിലൂടെ നൂറുകണക്കിന് സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി സംഘടന വ്യക്തമാക്കുന്നു.

1960 നവംബർ 25-ന് ബാഗ്ദാദിലാണ് യാനാർ മുഹമ്മദ് ജനിച്ചത്. ബാ​ഗ്ദാദ് സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അവർ, ​ഗൾഫ് യുദ്ധത്തിനു ശേഷം ഉണ്ടായ ഉപരോധകാലത്ത് 1995-ൽ ലെബനനിലേക്കും പിന്നീട് ടൊറന്റോ നഗരത്തിലേക്കും താമസം മാറി. പ്രവാസ ജീവിതത്തിനിടയിൽ 1998-ൽ 'ഡിഫൻസ് ഓഫ് ഇറാഖി വിമൻസ് റൈറ്റ്‌സ്' എന്ന സംഘടന രൂപീകരിച്ച് സ്ത്രീാവകാശ പ്രവർത്തനം ആരംഭിച്ചു. 2003-ൽ സദ്ദാം ഹുസൈൻ ഭരണകൂടം വീണതിന് പിന്നാലെ ഇറാഖിലേക്ക് മടങ്ങിയെത്തിയ അവർ ബാഗ്ദാദിൽ 'ഓർഗനൈസേഷൻ ഓഫ് വിമൻസ് ഫ്രീഡം ഇൻ ഇറാഖ്' രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കി.

സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക സമത്വത്തിനുമായി ശക്തമായ നിലപാടുകൾ സ്വീകരിച്ച യാനാർ മുഹമ്മദ് പല വിവാദങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്നു. മതമൗലികവാദികളെയും സർക്കാരിനെയും ഒരുപോലെ വിമർശിച്ചതിനാൽ നിരവധി ഭീഷണികളും കേസുകളും അവർ നേരിട്ടിരുന്നു. 2023-ൽ മനുഷ്യക്കടത്ത് ആരോപിച്ച് ഇറാഖ് സർക്കാർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് അവർ താൽക്കാലികമായി കാനഡയിലേക്ക് മാറിയിരുന്നു. എന്നിരുന്നാലും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു അവരുടെത്.

2011-ലും 2019-ലും നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ അവർ സജീവമായി പങ്കെടുത്തു. ഇറാഖിലെ യുഎസ് സാന്നിധ്യത്തിന്റെ കടുത്ത വിമർശകയായിരുന്ന അവർ, 2017-ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയ പുരസ്‌കാരം നിരസിച്ചു. 2008-ൽ ഗ്രൂബർ ഫൗണ്ടേഷൻ വിമൻസ് റൈറ്റ്‌സ് പ്രൈസും, 2016-ൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള പ്രൊഫസർ തോറോൾഫ് റാഫ്‌റ്റോ മെമ്മോറിയൽ പ്രൈസും ലഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img